Tuesday, July 5, 2011

വിസ്മയങ്ങളുടെ നിധികുംഭം

തിരുവിതാംകൂര്‍ രാജവംശത്തിന്റെ നിയന്ത്രണത്തിലുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ഇന്ന് ലോകശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ജൂണ്‍ 27-നാണ് ഏഴംഗ സംഘം ക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ, വജ്രശേഖരങ്ങളുടെ പരിശോധന തുടങ്ങിയത്. അത് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് സുപ്രീംകോടതിക്കാണ്. നിധിശേഖരത്തെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന 
വിവരങ്ങള്‍ ജനങ്ങളില്‍ അമ്പരപ്പും ആകാംക്ഷയും ഒരുപോലെ ഉണ്ടാക്കിയത് സ്വാഭാവികം. ക്ഷേത്രവും നാടും രാജകുടുംബവുമായുള്ള ബന്ധത്തിന്റെ പഴയ ഏടുകളിലേക്ക് ഒരെത്തിനോട്ടം




ശതകോടികള്‍ വിലമതിക്കുന്ന നിധിശേഖരം വര്‍ഷങ്ങളായി ഒരു ക്ഷേത്രത്തിലെ കല്ലറകളില്‍ ഭദ്രമായി സൂക്ഷിക്കപ്പെടുക, പിന്നീടത് സര്‍വരെയും അമ്പരപ്പിക്കുംവിധം കണ്ടെടുക്കപ്പെടുക. അടുത്ത കാലത്തൊന്നും ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ചരിത്രസ്മൃതികളും ദേവതാരാധനയും ഒരു രാജവംശത്തിന്റെ രാജ്യത്തോടുള്ള കൂറും ഒക്കെ ഇടകലര്‍ന്ന വിസ്മയചിത്രങ്ങളാല്‍ ആലേഖനം ചെയ്യപ്പെട്ട ഒരു കഥയാണ് നിത്യേന അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തെ ചരിത്രകുതുകികളുടെയും സാമാന്യജനങ്ങളുടെയും ശ്രദ്ധയിലേക്ക് ഇതൊക്കെ കൊണ്ടുവന്നിരിക്കുന്നു എന്നു പറയുന്നത് ചുരുങ്ങിയ വാക്കുകളാവും. ഈ സമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകത്തിന് തീര്‍ത്തും അജ്ഞാതമായിരുന്നുവോ? എങ്ങനെ അത് സംരക്ഷിക്കപ്പെട്ടു? 
ക്ഷേത്രത്തില്‍ ആറ് കല്ലറകളാണുള്ളത്. ഇതില്‍ നാലെണ്ണത്തില്‍ ശതകോടികള്‍ വിലമതിക്കുന്ന പൂജാസാധനങ്ങളും ശ്രീപത്മനാഭന്റെ തിരുവാഭരണങ്ങളും ഉണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ പൂട്ടിയിട്ട രണ്ടു കല്ലറകളില്‍ എന്താണെന്ന് ആര്‍ക്കും അറിവുണ്ടായിരുന്നില്ല. അത് ദശാബ്ദങ്ങളായി പൂട്ടിക്കിടക്കുന്നവയാണ്. 1880-1885വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് കൊടുംക്ഷാമം ഉണ്ടായപ്പോള്‍ അത് പരിഹരിക്കാന്‍ ഇതിനകത്തുനിന്നും കുറച്ചുസാധനങ്ങള്‍ എടുത്തു വിറ്റതായി പറയുന്നുണ്ടെങ്കിലും അതിന്റെ രേഖകളും ലഭിച്ചിട്ടില്ല. പൂട്ടിയിട്ട കല്ലറകളില്‍ അമൂല്യനിധി ഉണ്ടെന്നും തിരുവിതാംകൂറില്‍ കൊടുംക്ഷാമം ഉണ്ടായാലേ അത് തുറക്കൂ എന്നും പഴമക്കാര്‍ പറയാറുണ്ടായിരുന്നു. ഇപ്പോള്‍ ഈ കല്ലറകളിലൊന്നാണ് വിസ്മയം സൃഷ്ടിച്ചിരിക്കുന്നത്. 

സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത വിഗ്രഹങ്ങളും രത്‌നക്കല്ലുകള്‍ പതിച്ച പൊന്നിന്‍ കിരീടങ്ങളും കൂറ്റന്‍ സ്വര്‍ണമാലകളും സ്വര്‍ണംകൊണ്ടുള്ള കതിര്‍മണിക്കൂമ്പാരങ്ങളും മാണിക്യം, മരതകം, ഇന്ദ്രനീലക്കല്ലുകളും വിദേശനാണയങ്ങളും ലോകത്തിന്റെ പല ഭാഗത്തുമുള്ള അമൂല്യരത്‌നശേഖരങ്ങളും നിറഞ്ഞതാണ് ആ കല്ലറ. അവയുടെ കണക്ക് എടുക്കാനും മൂല്യം നിശ്ചയിക്കാനും ഒറ്റയടിക്ക് കഴിയില്ല. ചരിത്ര പൈതൃകമൂല്യമുള്ള വസ്തുക്കളുടെ വില നിശ്ചയിക്കുന്നതിന് വിദഗ്ധര്‍ക്ക് മാത്രമേ കഴിയൂ. അതുകൊണ്ട് ഇന്ന് പുറത്തുവന്നതിനേക്കാള്‍ എത്രയോ കൂടുതലായിരിക്കും ഈ നിലവറയിലെ അമൂല്യവസ്തുക്കളുടെ യഥാര്‍ഥ വില. ഇനിയും തുറക്കാനുള്ള കല്ലറയില്‍ എന്തുണ്ടെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ പ്രയാസമാണ്. ഒരു കാര്യം ഉറപ്പാണ്. തന്റെ രാജ്യം കുലദൈവമായ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ച് ശ്രീപദ്മനാഭദാസന്മാരായി മാറിയ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ദൈവഭക്തിയുടെയും വിനയത്തിന്റെയും സത്യസന്ധതയുടെയും നിദര്‍ശനമാണ് ഈ നിധിശേഖരം.

സ്വാതന്ത്ര്യസമരത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ കാലത്തിന്റെ ഗതി മനസ്സിലാക്കി, ഈ അമൂല്യനിധികളെല്ലാം സ്വന്തമാക്കാന്‍ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയ്ക്ക് കഴിയുമായിരുന്നു. പക്ഷേ, ശ്രീപദ്മനാഭന്റെ സ്വത്തില്‍ അല്പമെങ്കിലും എടുക്കുന്നത് അദ്ദേഹത്തിന് സ്വപ്നത്തില്‍പോലും വിചാരിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. രാജഭരണം നഷ്ടപ്പെട്ടിട്ട് സാധാരണ പൗരനായി മാറിയിട്ടും അവസാനനിമിഷം വരെ ക്ഷേത്രത്തിനുവേണ്ടി സമര്‍പ്പിച്ചതായിരുന്നു ആ ജീവിതം. ബാലനായിരിക്കുമ്പോള്‍ മഹാത്മാഗാന്ധി അദ്ദേഹത്തെ സന്ദര്‍ശിച്ച് 'അങ്ങയ്ക്ക് അധികാരം കിട്ടുമ്പോള്‍ സമസ്ത ഹിന്ദുക്കള്‍ക്കും എല്ലാ ക്ഷേത്രങ്ങളും തുറന്നുകൊടുമോ' എന്നു ചോദിച്ചു. ''തീര്‍ച്ചയായും'' എന്നായിരുന്നു മറുപടി. ആ വാക്ക് പാലിച്ചുകൊണ്ട് 1936 നവംബര്‍ 12-ന് ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഉള്‍പ്പെടെയുള്ള എല്ലാ ആരാധനാലയങ്ങളുടെയും കവാടങ്ങള്‍ സമസ്ത ഹിന്ദുക്കള്‍ക്കും തുറന്നുകൊടുത്തുകൊണ്ട് അദ്ദേഹം ക്ഷേത്രപ്രവേശന വിളംബരം നടത്തി. 

എത്രയോ വര്‍ഷങ്ങളായി അമ്പലങ്ങള്‍ സന്ദര്‍ശിക്കാതിരുന്ന ഗാന്ധിജി ക്ഷേത്രപ്രവേശനവിളംബര ആഘോഷത്തില്‍ പങ്കെടുക്കാന്‍ 1937 ജനവരിയില്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഈ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ശാലീനതയെയും പരിശുദ്ധിയെയും ഗാന്ധിജി മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ഈ ക്ഷേത്രത്തെയും ചുറ്റുപാടുകളെയും ചുറ്റിപ്പറ്റി നടന്ന ഒരു രഹസ്യാന്വേഷണം സംബന്ധിച്ച രേഖ പുരാരേഖാ വകുപ്പിലുണ്ട്. കൊല്‍ക്കത്തയില്‍ നിന്ന് അപ്രത്യക്ഷനായ സുഭാഷ് ചന്ദ്രബോസ് വേഷം മാറി ഈ ക്ഷേത്രപരിസരത്ത് താമസിക്കുന്നുണ്ടെന്ന് വൈസ്രോയിക്ക് ലഭിച്ച ഊമക്കത്തായിരുന്നു അത്. അതുപ്രകാരം സുഭാഷ് ചന്ദ്രബോസിനെ കണ്ടുപിടിക്കാന്‍ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും രഹസ്യാന്വേഷണം നടന്നിരുന്നു.

ശ്രീപദ്മനാഭസ്വാമിക്ഷേത്രം നൂറ്റാണ്ടുകളിലൂടെ


ഇന്ത്യയിലെ വൈഷ്ണവക്ഷേത്രങ്ങളില്‍ പ്രമുഖമാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രം. ഇതിന്റെ ഐതിഹ്യകഥകള്‍ക്ക് സഹസ്രാബ്ദങ്ങളോളം പഴക്കമുണ്ട്. വരാഹപുരാണം, ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡപുരാണം, പദ്മപുരാണം, സ്‌കന്ദപുരാണം, മത്സ്യപുരാണം തുടങ്ങിയവയില്‍ ക്ഷേത്രത്തെപ്പറ്റി പരാമര്‍ശം ഉണ്ട്. എന്നാല്‍ ചരിത്രരേഖകള്‍ കൊല്ലവര്‍ഷം 550 (1375 എ.ഡി.) മുതലേ ലഭിക്കുന്നുള്ളൂ. ഐതിഹ്യങ്ങള്‍ പ്രകാരം ദിവാകരമുനിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയിട്ടുള്ളത്. എന്നാല്‍ മറ്റൊരു ഐതിഹ്യത്തില്‍ വില്വമംഗലം സ്വാമിയാരുടെ പേരാണ് പറയുന്നത്. രണ്ട് ഐതിഹ്യങ്ങളിലും ഒരു പുലയസ്ത്രീയുടെ കഥ ഉണ്ട്.
സംഘംകൃതികള്‍ അനുസരിച്ച് എ.ഡി. പത്താം നൂറ്റാണ്ടില്‍ അസ്തമിച്ചതും കേരളത്തിന്റെ തെക്കേ അറ്റം ഭരിച്ചിരുന്നതുമായ ആയ്‌രാജാക്കന്മാരുടെ വകയാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രം. ഇതേപ്പറ്റി ചരിത്രകാരന്മാര്‍ക്ക് ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്. ആയ് രാജാക്കന്മാരുടെ തകര്‍ച്ചയോടെ ഉയര്‍ന്നുവന്ന വേണാടിന്റെ വകയായി പിന്നീട് ഈ ക്ഷേത്രം. ആയ് രാജവംശത്തിന്റെ രണ്ട് ശാഖകള്‍ വേണാട്ടില്‍ ലയിച്ചതോടെയാണ് ഇത് ഉണ്ടായത്. മഹാകവി ഉള്ളൂര്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച 'മതിലകം റെക്കോഡുകള്‍' ആണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത്. ക്ഷേത്രത്തിലെ ഭരണം, ചടങ്ങുകള്‍, അവകാശത്തര്‍ക്കം, ആറാട്ട്, പള്ളിവേട്ട, മോഷണം, സംഭാവനകള്‍ തുടങ്ങി എല്ലാകാര്യങ്ങളും ഇതിലുണ്ട്. ക്ഷേത്രത്തെ സംബന്ധിച്ച അവകാശത്തര്‍ക്കങ്ങള്‍ കാരണം പലപ്പോഴും അത് അടച്ചിടുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം വന്‍തോതിലുള്ള സ്വത്തും സ്വര്‍ണാഭരണങ്ങളും പുറത്തുനിന്ന് വരുന്നവര്‍ക്ക് താമസിക്കാനുള്ള മഠങ്ങളും പതിനഞ്ചാംനൂറ്റാണ്ടുകാലത്തിനു മുമ്പ് ക്ഷേത്രത്തിനുണ്ടായിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. കൊല്ലവര്‍ഷം 634-ല്‍(1459 എ.ഡി.) ക്ഷേത്രത്തിലെ പൂട്ടിയിട്ടിരുന്ന മുറി തുറന്ന് പദ്മനാഭസ്വാമിക്ക് ചാര്‍ത്താനുള്ള സ്വര്‍ണാഭരണങ്ങള്‍ എടുത്തതായും രേഖയില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. അതുപോലെ പിഴയായും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള പാരിതോഷികമായും പുറത്തുനിന്നുള്ള സംഭാവനയായും ക്ഷേത്രത്തിന് അന്നുമുതലേ ധാരാളം സ്വര്‍ണാഭരണങ്ങളും ആനകളും ലഭിക്കുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇവിടെ നിന്ന് മോഷണം പോയ ചില സാധനങ്ങള്‍ ചാലക്കമ്പോളത്തില്‍ നിന്ന് കണ്ടെത്തിയതായും രേഖയുണ്ട്. 

വേണാടിന്റെ ചരിത്രം പിന്നീട് സംഘര്‍ഷാത്മകമായിരുന്നു. ആഭ്യന്തര കലഹം കൊണ്ട് നൂറ്റാണ്ടോളം രാജ്യം കലുഷിതമായി. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഭരണം നടത്തിയിരുന്ന 'സഭ' (എട്ടരയോഗം), സ്വത്തുക്കള്‍ നോക്കിയിരുന്ന പിള്ളമാര്‍ ഒരു ഭാഗത്തും രാജാവ് മറുഭാഗത്തുമായി ആഭ്യന്തരകലഹം നടക്കുമ്പോള്‍ കച്ചവടത്തിന് കേരളത്തിലെത്തിയ യൂറോപ്യന്‍ ശക്തികള്‍ ഇവിടെ ശക്തിപ്രാപിക്കുകയായിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് ഭരണം നിയന്ത്രിച്ചിരുന്ന ഡച്ചുകാര്‍ വേണാടിന്റെ തായ്‌വഴികളുമായി കച്ചവടക്കരാര്‍ ഉറപ്പിച്ചിരുന്നു. ഈ സമയത്താണ് വേണാട്ടില്‍ ശക്തനും ധീരനും തന്ത്രജ്ഞനുമായ മാര്‍ത്താണ്ഡവര്‍മ 1729-ല്‍ ഭരണം ഏല്‍ക്കുന്നത്. ശത്രുക്കളെ നിഗ്രഹിച്ച്, ആഭ്യന്തരകലഹങ്ങള്‍ക്ക് അറുതി വരുത്തി, മാര്‍ത്താണ്ഡവര്‍മ പുതിയ സൈന്യം രൂപവത്കരിച്ച് വടക്കോട്ടുള്ള നാട്ടുരാജ്യങ്ങളോരോന്നായി പിടിച്ചെടുത്തു. ഇതിനെതിരെ രംഗത്ത് എത്തിയ ഡച്ചുശക്തിയെ കുളച്ചല്‍ യുദ്ധംവഴി അദ്ദേഹം നിലംപരിശാക്കി. മാര്‍ത്താണ്ഡവര്‍മ വേണാട് എന്ന ചെറിയ രാജ്യത്തെ കൊച്ചിയുടെ അതിര്‍ത്തിയോളം എത്തിച്ച് വിശാലമായ തിരുവിതാംകൂറാക്കി. താന്‍ യുദ്ധം വഴി പിടിച്ചെടുത്ത രാജ്യത്തെ ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിക്കുന്ന 'തൃപ്പടിദാനം' എന്ന ചടങ്ങ് ക്ഷേത്രത്തിന്റെ ആധുനിക വളര്‍ച്ചയുടെ പുതിയ ഘട്ടമായി മാറി.

(തുടരും)

No comments:

Post a Comment