Tuesday, July 5, 2011

ആ നാസി ഫോട്ടോഗ്രാഫര്‍ ആര് - 70 വര്‍ഷത്തെ രഹസ്യം വെളിവായത് നെറ്റില്‍ നാലുമണിക്കൂര്‍ കൊണ്ട്‌


എഴുപത് വര്‍ഷമായി അതൊരു രഹസ്യമായിരുന്നു, ആരാണ് നാസി കാലഘട്ടത്തിലെ ആ ഫോട്ടോകളെടുത്തത്. ആ ആല്‍ബത്തിലെ 214 ഫോട്ടോകളും 'ന്യൂയോര്‍ക്ക് ടൈംസി'ന്റെ ഫോട്ടോഗ്രാഫി ബ്ലോഗായ 'ലെന്‍സ്' നെറ്റിലെത്തിച്ച് വെറും നാലു മണിക്കൂര്‍ കൊണ്ട് ആ രഹസ്യം വെളിവായി. നാസി അധികൃതരുടെ ആ പ്രചാരണ ഫോട്ടോകള്‍ എടുത്ത ഫോട്ടോഗ്രാഫറുടെ പേര് ഫ്രാന്‍സ് ക്രീഗര്‍ !

വായനക്കാരോട് ഫോട്ടോഗ്രാഫര്‍ ആരെന്ന് തിരിച്ചറിയാമോ എന്നാണ് ബ്ലോഗ് കഴിഞ്ഞ ദിവസം ചോദിച്ചത്. സ്പീഗല്‍ ഓണ്‍ലൈന്‍ സൈറ്റായ ഐനെസ് ടാഗെസിന്റെസഹായവും ന്യൂയോര്‍ക്ക് ടൈംസ് തേടി. ജര്‍മനിയില്‍ ഹാംബര്‍ഗില്‍ നിന്നുള്ള ഹാരിയറ്റ് ഷാന്‍ബര്‍ഗ് എന്ന സ്ത്രീയാണ് ഫോട്ടോഗ്രാഫര്‍ ആരെന്ന് തിരിച്ചറിഞ്ഞത്.


ജര്‍മന്‍ പ്രൊപ്പഗാണ്ട ഫോട്ടോകളെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യക്തിയാണ് ഷാന്‍ബര്‍ഗ്. മാര്‍ട്ടിന് ലൂഥര്‍ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി പഠനത്തിന്റെ ഭാഗമായുള്ള ഗവേഷണമാണത്. 2008 ല്‍ പുറത്തിറങ്ങിയ 'ദി സാല്‍സ്ബര്‍ഗ് പ്രസ്സ് ഫോട്ടോഗ്രാഫര്‍ ഫ്രാന്‍സ് ക്രീഗര്‍ (1914-1993): ഫോട്ടോജേര്‍ണലിസം ഇന്‍ ദി ഷാഡോ ഓഫ് നാസി പ്രൊപ്പഗാന്‍ഡ ആന്‍ഡ് വാര്‍' എന്ന പുസ്തകം ഷാന്‍ബര്‍ഗ് വായിച്ചിരുന്നു. പീറ്റര്‍ എഫ്.ക്രാമല്‍ രചിച്ച ആ പുസ്തകത്തില്‍ നിന്നാണ് അവര്‍ക്ക്, അജ്ഞാത ഫോട്ടോഗ്രാഫറെക്കുറിച്ച് സൂചന ലഭിച്ചത്.

ഓസ്ട്രിയന്‍ ഫോട്ടോജേര്‍ണലിസ്റ്റായിരുന്ന ക്രീഗര്‍ ആണ് ആ ആല്‍ബത്തിലെ ഫോട്ടോകള്‍ പകര്‍ത്തിയതെന്ന് അവര്‍ വേഗം തിരിച്ചറിയാന്‍ കഴിഞ്ഞു. ക്രീഗര്‍ നാസി പാര്‍ട്ടി അംഗമായിരുന്നു.

ന്യൂയോര്‍ക്ക് കേന്ദ്രമായുള്ള ഒരു വസ്ത്രവ്യാപാരിയുടെ പക്കല്‍ നിന്നാണ് 214 ഫോട്ടോകളുള്ള ആല്‍ബം ന്യൂയോര്‍ക്ക് ടൈംസിലെത്തിയത്. പക്ഷേ, നാസി കാലത്തെ ആല്‍ബം എങ്ങനെ അമേരിക്കയിലെത്തിയെന്നത് ഇപ്പോഴും വ്യക്തമല്ല. ഒരു യു.എസ്.സൈനികനാണ് ആല്‍ബം അമേരിക്കയിലെത്തിച്ചതെന്ന് സൂചനയുണ്ട്.







ക്യു.ആര്‍.കോഡ് എന്ന അത്ഭുതചതുരം



കുറപ്പും വെളുപ്പും കലര്‍ന്ന, തപാല്‍ സ്റ്റാമ്പിന്റെ വലിപ്പം മാത്രമുള്ള ഒരു ചതുരം. ക്യു.ആര്‍. കോഡിനെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിവരിക്കാം. എന്നാല്‍ ഒരായിരം വാചകങ്ങളിലൊതുക്കാവുന്നതല്ല ക്യു.ആര്‍. കോഡ് നമ്മുടെ ജീവിതങ്ങളില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍. ഒരു വര്‍ഷത്തിനുള്ളില്‍ നമ്മള്‍ കണ്ണോടിക്കുന്നിടത്തെല്ലാം നിറയാന്‍ പോകുകയാണ് ഈ അദ്ഭുതചതുരം. പത്രങ്ങളിലും മാസികകളിലും ചുമരുകളിലും പരസ്യങ്ങളിലും ഇനി നമുക്കിവനെ പ്രതീക്ഷിക്കാം. പ്രശസ്തനാകാന്‍ പോകുന്ന ക്യു.ആര്‍. കോഡിന്റെ വിശേഷങ്ങളാണ് ഇവിടെ.

ക്വിക് റെസ്‌പോണ്‍സ്

കറുത്ത വരകളുള്ള സാധാരണ ബാര്‍ കോഡുകള്‍ ഏവര്‍ക്കും പരിചിതമാണ്. എന്നാല്‍, പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് ബാര്‍കോഡുകളാണ് 'ക്വിക് റെസ്‌പോണ്‍സ് കോഡുകള്‍' അഥവാ ക്യു.ആര്‍. കോഡുകള്‍. പരമ്പരാഗത ബാര്‍കോഡുകളേക്കാള്‍ നൂറുമടങ്ങ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്യു.ആര്‍. കോഡുകള്‍ക്കാകും. ക്യു.ആര്‍. റീഡര്‍ എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളില്‍ ഇതിന്റെ ചിത്രമെടുത്താല്‍ ഉടന്‍ തന്നെ അതിലുള്ള ഡാറ്റ നമ്മുടെ ഫോണിലേക്ക് വരും. അതു ചിലപ്പോള്‍ ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്കോ, വീഡിയോയോ ആകാം. 

മലയാളപത്രങ്ങളില്‍ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഒരു കാറിന്റെ പരസ്യത്തില്‍ ക്യു.ആര്‍. കോഡ് കൂടി ഉള്‍പ്പെടുത്തിയിരുന്നു. ക്യു.ആര്‍. കോഡ് റീഡറുള്ള മൊബൈല്‍ ഫോണില്‍ അതിന്റെ ചിത്രമെടുക്കുമ്പോള്‍ ഉടന്‍ തന്നെ ആ കാറിന്റെ വെബ്‌സൈറ്റ് വിലാസമാണ് ഫോണില്‍ ലഭിക്കുക. ആ വെബ്ബ്‌സൈറ്റിലേക്ക് ഫോണിലൂടെ അസായാസം പോകാം. പത്രപരസ്യത്തില്‍ കാണാന്‍ സാധിക്കാത്ത കാറിന്റെ വീഡിയോകളിലേക്കും വ്യത്യസ്തമോഡലുകളുടെ ചിത്രങ്ങളിലേക്കുമെല്ലാം അങ്ങനെ വായനക്കാര്‍ക്ക് ക്യു.ആര്‍. കോഡിന്റെ സഹായത്തോടെ എളുപ്പത്തില്‍ എത്താം.

പരമ്പരാഗത അച്ചടി മാധ്യമത്തെയും പുതിയ ഓണ്‍ലൈന്‍ മാധ്യമത്തെയും ബന്ധിപ്പിക്കുന്ന പാലമാകാന്‍ ഈ ചതുരത്തിന് കഴിയുന്നുവെന്ന് സാരം. ഇത് ക്യു.ആര്‍. കോഡിന്റെ ഒരു സാധ്യത മാത്രം. ഇത്തരം നൂറായിരം സാധ്യതകളാണ് ക്യു.ആര്‍. കോഡ് തുറന്നുതരുന്നത്.

പത്രമാസികകളില്‍ വരുന്ന ലേഖനങ്ങളുടെ വെബ്‌സൈറ്റ് ലിങ്കുകള്‍ അതിനൊപ്പം നല്‍കിയിട്ടുണ്ടാകും. എന്നാല്‍ ലിങ് പലപ്പോഴും നീളമേറിയതിനാല്‍ മൊബൈല്‍ഫോണില്‍ അത് തെറ്റുകൂടാതെ ടൈപ്പ് ചെയ്യുക ശ്രമകരമകും. അതിനുപകരം ക്യു.ആര്‍. കോഡാണ് നല്‍കുന്നതെങ്കില്‍ ആവശ്യക്കാര്‍ക്ക് മൊബൈലില്‍ ഫോട്ടോെയടുത്താല്‍ ആ ലിങ്കിലേക്ക് ഉടന്‍ പ്രവേശിക്കാനാകും. മലയാളത്തില്‍ ആദ്യമായി മാതൃഭൂമി ഡോട്ട് കോമിന്റെ ടെക്‌നോളജി പേജില്‍ ഈ സൗകര്യം നടപ്പിലാക്കിക്കഴിഞ്ഞു. www.mb4tech.com ല്‍ വരുന്ന ലേഖനങ്ങള്‍ക്കൊപ്പം ഇപ്പോള്‍ ക്യു.ആര്‍. കോഡ് കൂടി നല്‍കിവരുന്നുണ്ട് (ഈ പേജിന്റെ വലതുവശത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചതുരം ശ്രദ്ധിക്കുക. അത് ഈ ലേഖനത്തിലേക്കുള്ള ലിങ്കാണ്. മൊബൈല്‍ വഴി മേല്‍വിവരിച്ചത് പോലെ ചെയ്താല്‍ മതി). ഇന്ത്യയില്‍ മിഡ്‌ഡേ, പി.സി. ക്വെസ്റ്റ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളാണ് നിലവില്‍ ക്യു.ആര്‍. കോഡ് ഉപയോഗിക്കുന്നത്. 

ന്യൂയോര്‍ക്ക്, ടോക്യോ പോലുള്ള മഹാനഗരങ്ങളിലെ തെരുവു പരസ്യപലകകളില്‍ ഇപ്പോള്‍ ക്യു.ആര്‍. കോഡുകള്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. വലിയൊരു ഹോര്‍ഡിങില്‍ ചിലപ്പോള്‍ ആകെയുണ്ടാകുക ഒരു ക്യു.ആര്‍. കോഡ് മാത്രമാകും. എന്താണ് അതെന്നറിയാന്‍ മൊബൈലില്‍ ഫോട്ടോയെടുത്താല്‍ മതി! വിദേശരാജ്യങ്ങളിലെ ലൈബ്രറികളിലും ഹോട്ടലുകളിലും ക്രൈസ്തവദേവാലയങ്ങളില്‍ പോലും ക്യു.ആര്‍. കോഡുകള്‍ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു. ഒക്‌ലഹോമയിലെ എഡ്മണ്ട് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് ആദ്യമായി ക്യു.ആര്‍. കോഡ് ഉപയോഗിച്ച ദേവാലയമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്.

നമ്മുടെ അഡ്രസും ഫോണ്‍നമ്പറുകളും ഈമെയില്‍ വിലാസവുമെല്ലാം അടങ്ങിയ ക്യു.ആര്‍. കോഡുകള്‍ വിസിറ്റിങ് കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തുന്നവരുമുണ്ട്. ഫോണില്‍ ഒരു ഫോട്ടോയെടുത്താല്‍ കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും ഒറ്റയടിക്ക് മൊബൈലിലെത്തും. 

ഉത്ഭവം ജപ്പാനില്‍

കണ്ടുപിടുത്തങ്ങളുടെ ആശാന്‍മാരായ ജപ്പാന്‍കാര്‍ തന്നെയാണ് ക്യു.ആര്‍. കോഡുകളുടെയും സൃഷ്ടാക്കള്‍. 1994-ല്‍ ടൊയോട്ടയുടെ അനുബന്ധ സ്ഥാപനമായ ഡെന്‍സോ-വേവിലാണ് ഈ സംവിധാനം ആദ്യമായി നിലവില്‍ വന്നത്. വാഹനനിര്‍മാണത്തിനാവശ്യമായ സ്‌പെയര്‍പാര്‍ട്‌സുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു ആദ്യം ഉപയോഗിച്ചിരുന്നത്. 

സ്മാര്‍ട്‌ഫോണുകളുടെ വരവോടെ ഈ സാങ്കേതികവിദ്യക്ക് പുതിയ മാനങ്ങള്‍ കൈവന്നു. എല്ലാവിധ ലൈസന്‍സുകളില്‍ നിന്നും സ്വതന്ത്ര്യമാണ് ക്യു.ആര്‍. കോഡ്. ഇതിന്റെ അവകാശങ്ങള്‍ ഡെന്‍സോ-വേവ് കമ്പനിക്കാണെങ്കിലും ഇത് സ്വതന്ത്രമായ ഉപയോഗത്തിന് നല്‍കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. 

നിര്‍മാണം വളരെയെളുപ്പം

http://qrcode.kaywa.comwww.qrstuff.comgoqr.me തുടങ്ങി ഒട്ടേറെ സൈറ്റുകള്‍ നമുക്കാവശ്യമായ ക്യു.ആര്‍. കോഡുകള്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്. കോഡില്‍ ഉള്‍ക്കൊള്ളിക്കേണ്ട വിവരങ്ങള്‍ ടൈപ്പ്‌ചെയ്താല്‍ സെക്കന്‍ഡുകള്‍ക്കുളളില്‍ കോഡ് തയ്യാറാകും. ആ കോഡ് നമുക്കെവിടെവേണമെങ്കിലും അച്ചടിക്കാം.

ആന്‍ഡ്രോയ്ഡ്, ബ്ലാക്ക്‌ബെറി, ഐഫോണ്‍ അപ്ലിക്കേഷന്‍ സ്‌റ്റോറുകളില്‍ നിലവില്‍ നൂറുകണക്കിന് ക്യു.ആര്‍. േകാഡ് റീഡറുകള്‍ ലഭ്യമാണ്. അവയിലേതെങ്കിലുമൊന്ന് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ക്യു.ആര്‍.കോഡുകള്‍ വായിക്കാനാകും. i-nigma, Kaywa, QuickMark, BeeTag, ScanLife എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ക്യു.ആര്‍. കോഡ് റീഡറുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫോണില്‍ ഉപയോഗിക്കാം.

സ്മാര്‍ട്ട്‌ഫോണുകള്‍ സാര്‍വത്രികമാകുന്നതോടെ ക്യു.ആര്‍. കോഡുകള്‍ നമ്മുടെ നാട്ടിലും വ്യാപകമാകുമെന്നതില്‍ സംശയം വേണ്ട. ആദ്യം പരസ്യമേഖലയിലും മാധ്യമരംഗത്തുമാകും ക്യു.ആര്‍. സാന്നിധ്യമറിയിക്കുക. പിന്നീട് ജീവിതത്തിന്റെ സമസ്തമേഖലകളിലും ഇവ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പിക്കാം.

വംശവൃക്ഷം നട്ടുവളര്‍ത്താനും ഇന്റര്‍നെറ്റ്‌



കഴിഞ്ഞ നവംബറിലായിരുന്നു അത്. ലോറല്‍ ആക്‌സ്‌ലോര്‍ഡ് എന്ന അമേരിക്കക്കാരി വീട്ടമ്മയ്ക്ക് ഒരു പൂതി. തന്റെ പ്രിയപ്പെട്ട കുട്ടികളുടെ അച്ഛന് അദ്ദേഹത്തിന്റെ മാതാവിനെ കണ്ടുപിടിച്ചു കൊടുക്കണം. ജന്മം നല്‍കിയ അമ്മ ആരെന്ന് ഇന്നുവരെ അറിയാത്ത ദത്തുപുത്രനായ ഭര്‍ത്താവിന് തന്നെക്കൊണ്ട് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനമായിരിക്കും അതെന്ന് അവര്‍ക്കുറപ്പായിരുന്നു. കുഞ്ഞുന്നാളിലേ ദത്തെടുത്ത് വളര്‍ത്തപ്പെട്ടയാളാണ് ഭര്‍ത്താവ് നിക്കോളാസ്. പിന്നീട് ഇംഗള്ണ്ടില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഇന്നുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത അമ്മായി അമ്മയെ എങ്ങിനെ, എവിടെ പോയി കണ്ട് പിടിച്ചുകൊടുക്കും?

വസ്ത്രം മാറി നേരെ ഭര്‍ത്താവിന്റെ ജന്മനാട്ടിലേക്ക് വണ്ടിപിടിക്കുകയല്ല അവര്‍ ചെയ്തത്. കുന്തം പോയാല്‍ ഇന്റര്‍നെറ്റിലും തപ്പണം എന്നാണല്ലോ പുതിയ ചൊല്ല്. അതുകൊണ്ട് ഉള്ള വിവരങ്ങളുമായി നേരെ ഇന്റര്‍നെറ്റില്‍ കയറി. ആന്‍സെസ്ട്രി .ഡോട്ട് കോം എന്ന സൈറ്റില്‍ ഒരു അന്വേഷണത്തിന് രജിസ്റ്റര്‍ ചെയ്തു. രണ്ടേ രണ്ട് മണിക്കൂര്‍ കൊണ്ട് അന്വേഷണം പല പല സൈറ്റുകള്‍ കടന്ന് ഫെയ്‌സ്ബുക്കിലെത്തി. ഒടുവില്‍ ദാ നില്‍ക്കുന്നു ഫെയ്‌സ്ബുക്കിന്റെ ഓരത്ത് പോസ്റ്റിക്കൊണ്ട് തന്റെ ഒറിജിനല്‍ അമ്മായി അമ്മ! പിന്നെ നിക്കോളാസിന് തന്റെ അമ്മയുടെ ശബ്ദം കേള്‍ക്കാന്‍ ഒരാഴ്ച പോലും വേണ്ടി വന്നില്ല. ഈ അവധിക്കാലത്ത് നിക്കോളാസും കുടുംബവും കാലിഫോര്‍ണിയയില്‍ നിന്ന് ഇംഗഌണ്ടില്‍ പറന്നെത്തി അമ്മയൊടൊത്ത് കുറേ ദിവസങ്ങള്‍ ചിലവഴിക്കുകയും ചെയ്തു.

നാല്‍പതുകാരനായ നിക്കേളാസ് ഒരു ദശകം മുമ്പും അമ്മയെ കണ്ടെത്താന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. പരമ്പരാഗത മാര്‍ഗങ്ങളിലൂടെ. പക്ഷേ പല പല കാരണങ്ങള്‍ കൊണ്ട് അത് തടസ്സപ്പെടുകയായിരുന്നു. സ്വകാര്യ അന്വേഷകരെ ഉപയോഗിച്ച് പൂര്‍വികരെ കണ്ടെത്താനുള്ള സംവിധാനങ്ങളും പണ്ടേ വിദേശങ്ങളിലുണ്ട്. അതിനെക്കുറിച്ചും അയാള്‍ ആലോചിച്ചിരുന്നു. പക്ഷേ വമ്പിച്ച പണച്ചെലവും കാലതാമസവും അവിടെയും തടസ്സമാവുകയായിരുന്നു.

സര്‍വവ്യാപിയായിക്കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് എന്ന മഹാത്ഭുതത്തിന്റെ ഏറ്റവും പുതിയ ദിവ്യാത്ഭുതമായി മാറിക്കൊണ്ടിരിക്കുകയാണ് ആന്‍സെസ്ട്രി വെബ്‌സൈറ്റുകള്‍. തന്തയെയും തള്ളയെയും തിരഞ്ഞും വംശവൃക്ഷം തേടിയും അലയുന്ന പാശ്ചാത്യരുടെ പുതിയ താവളമാണിന്ന് അവ. ancestry.comfamilylink.comgeni.com. തുടങ്ങിയ സൈറ്റുകളിലെ ഡിജിറ്റലൈസ് ചെയ്ത് വന്‍ വിവരശേഖരമാണ് അപ്പനപ്പൂന്മാരെ തേടിയുള്ള അന്വേഷണ യാത്രകള്‍ എളുപ്പമാക്കുന്നത്. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ അറിയാത്ത ബന്ധുക്കളെ തേടിയുള്ള പുതുതലമുറയുടെ അന്വേഷണത്തിന് ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളും സഹായകരമാവുന്നുണ്ട്. ചിലപ്പോള്‍ കുറച്ച് കഌക്കുകള്‍ കൊണ്ട് തന്നെ ഇന്നുവരെ കണ്ടിട്ടില്ലാത്ത ബന്ധുക്കളുടെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കും. അല്ലെങ്കില്‍ പാതിവഴിയോളമെങ്കിലും തായ്‌വഴി കണ്ടെത്താനാവും. എന്തായാലും രസമാണ് സംഗതി.

സര്‍ക്കാര്‍ സംവിധാനങ്ങളിലെ വ്യക്തികളുടെ സകല വിവരങ്ങളും ഓട്ടോമേറ്റഡ് ആയതും ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെയും വന്‍പ്രചാരവുമാണ് പാശ്ചാത്യ രാജ്യങ്ങളില്‍ വംശവൃക്ഷം തിരയാന്‍ സഹായിക്കുന്ന സൈറ്റുകളെ കൂടുതല്‍ ജനപ്രിയമാക്കിയത്. ചെറിയ പണം കൊടുത്ത് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ഇത്തരം സൈറ്റുകള്‍ അന്വേഷണം നടത്തി പരമാവധി വിവരങ്ങള്‍ ശേഖരിച്ച് നല്‍കും. കുടുംബപ്പേരും പുരാരേഖകളും കയ്യിലുണ്ടെങ്കില്‍ തിരച്ചില്‍ എളുപ്പവുമാകും. മരിച്ചുപോയ പൂര്‍വികരെ കണ്ടെത്താന്‍ മാത്രമല്ല, ജീവിച്ചിരിക്കുന്നവരും എന്നാല്‍ അറിയാത്തവരുമായ ബന്ധുക്കളെ കണ്ടെത്താനും അവരുമായി സമ്പര്‍ക്കം സ്ഥാപിക്കാനും 16 ലക്ഷത്തിലധികം അംഗങ്ങളുള്ളതും ഈ രംഗത്തെ മുന്‍ നിരക്കാരുമായ ആന്‍സെസ്ട്രി ഡോട്ട് കോം അവസരം ഒരുക്കുന്നുണ്ട്. 

വിക്കി ട്രീ

വിവര സാങ്കേതികവിദ്യയുടെ കേന്ദ്രീകരണത്തോടെയാണ് ആളുകളില്‍ വംശാവലി തേടാനുള്ള താല്‍പര്യം വര്‍ധിച്ചതെന്നാണ് കരുതപ്പെടുന്നത്. ആദ്യം സോഫ്ട്‌വേറുകള്‍ വന്നു, പിന്നീട് ഇന്റര്‍നെറ്റും, ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളും. സാമൂഹികമായ ഇടപെടലുകള്‍ക്കും കൂടിച്ചേരലുകള്‍ക്കുമായി ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും എത്തുന്നവരില്‍ വലിയൊരു പങ്കും ഇന്ന് വംശവൃക്ഷം തേടാന്‍ സഹായിക്കുന്ന ഇത്തരം സൈറ്റുകളിലെത്തുന്നുണ്ട്. ഇത്തരത്തില്‍ 2008 ല്‍ ആരംഭിച്ച വിക്കി ട്രീ ഡോട്ട് കോം വ്യക്തികളുടെ കുടുംബചരിത്ര വിവരങ്ങള്‍ ലോക കുടുംബചരിത്രത്തോട് ചേര്‍ത്ത് വെക്കാന്‍ സൗജന്യമായി അവസരമൊരുക്കുന്ന വെബ്‌സൈറ്റാണ്. വിക്കി ട്രീയിലെ ഒരോ പ്രൊഫൈല്‍ പേജിലും വിവരങ്ങള്‍ പങ്കുവെക്കാനും സ്വകാര്യമായി സൂക്ഷിക്കാനുമുള്ള സംവിധാനങ്ങളുണ്ട്. ഇതുവരെ സൈറ്റിലെ 27000 അംഗങ്ങള്‍ 14 ലക്ഷം പ്രൊഫൈല്‍ പേജുകളുണ്ടാക്കിയിട്ടുണ്ട്. അംഗങ്ങള്‍ക്ക് വിവരങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യവും വിക്കീ ട്രീയിലുണ്ട്.

എന്നുവെച്ച് എല്ലാ അന്വേഷണങ്ങളും വിജയിച്ചുകൊള്ളണമെന്നുമില്ല. ആവശ്യമായ വിവരങ്ങളുടെ അഭാവത്തില്‍ അന്വേഷണം ഇടയ്ക്ക് വെച്ച് തടസ്സപ്പെടുകയും ചെയ്യാറുണ്ട്. വംശാവലി തേടിയുള്ള അന്വേഷണം പൊടുന്നനെ ഉത്തരം കിട്ടാതെ അവസാനിക്കുമ്പോള്‍ അംഗത്തിന്റെ ബന്ധുക്കളോടും മറ്റും പ്രസക്തമായ ചോദ്യങ്ങള്‍ ചോദിച്ച് ആ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളും മറ്റും കണ്ടെത്തി അവ വ്യക്തിവിവരങ്ങളോട് ചേര്‍ത്ത് ഇഴപൊട്ടിപ്പോയ കണ്ണികളെ ചേര്‍ക്കാനും അന്വേഷണം തുടരാനുമുള്ള അധിക സൗകര്യംtpstry.com പോലുള്ള സൈറ്റുകളിലുണ്ട്. ആളുകള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍, നാള്‍വഴി തുടങ്ങിയവ ചേര്‍ത്ത് ഉണ്ടാക്കുന്ന കുടുംബ ഓര്‍മകളുടെ ഡിജിറ്റല്‍ ആല്‍ബവും ഈ സൈറ്റ് അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഫൂട്ട്‌നോട്ട് ഡോട്ട് കോംവിന്റേജ് എരിയല്‍ ഡോട്ട് കോംതുടങ്ങിയ സൈറ്റുകളിലൊക്കെ ധാരാളം ചരിത്രവിവരങ്ങള്‍ നല്‍കുന്നുണ്ട്.

വംശവൃക്ഷം തിരയാന്‍ സൗകര്യമൊരുക്കുന്ന സൈറ്റുകളില്‍ ചിലത് തികച്ചും സൗജന്യമായും മറ്റു ചിലവ ചെറിയ ഫീസ് ഈടാക്കിയുമാണ് സേവനം നല്‍കുന്നത്. കുടുംബ വൃക്ഷം തേടുന്ന കളികളും പരിപാടികളും ഒക്കെ ഇന്റര്‍നെറ്റിലും മൊബൈലിലും നേരത്തേ തന്നെ എത്തിയിരുന്നു. സിവില്‍ വാറിന്റെ 150 ാം വാര്‍ഷികാഘോഷങ്ങളും എന്‍ ബി സി ചാനലിലെ താരങ്ങളുടെ പൂര്‍വികരെ കണ്ടെത്താനുള്ള ഷോയും(who do you think you are?)യും ആരംഭിച്ചതോടെ അമേരിക്കയില്‍ വംശവൃക്ഷം തിരയല്‍ യുവാക്കള്‍ക്കിടയില്‍ ക്രെയ്‌സായിരിക്കുകയാണ്. 

വംശവൃക്ഷം ഉണ്ടാക്കി കളിക്കാം

തമാശയ്ക്കായി വംശവൃക്ഷം ഉണ്ടാക്കി കളിക്കാന്‍ സഹായിക്കുന്ന ഗെയിം സൈറ്റുകളുമുണ്ട്. ഉദാഹരണത്തിന് ഫാമിലി വില്ലേജ് ഗെയിം എന്ന സൈറ്റില്‍ പൂര്‍വികരെ ഉണ്ടാക്കാനും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ഗെയിം കളിക്കാനും കഴിയും. ഗ്രാമങ്ങള്‍ ഉണ്ടാക്കാനും ഭാഗ്യങ്ങള്‍ നേടാനും വീടും കാറുമൊക്കെ വാങ്ങാനും കുടുംബാംഗങ്ങള്‍ക്കൊക്കെ ഓരോ ജോലികള്‍ ചുമതലപ്പെടുത്തി വീട് ഭരിക്കാനുമൊക്കെ വംശവൃക്ഷം തിരയുന്ന ഇത്തരം കളിയില്‍ കഴിയും. ഗ്രാമം വളരുന്നതിനനുസരിച്ച് നിങ്ങളുടെ സാങ്കല്‍പിക അംഗങ്ങളുടെ വിവരങ്ങള്‍, സെന്‍സസ് രേഖകള്‍, വാര്‍ത്താ കട്ടിങ്ങുകള്‍, വിവാഹരേഖകള്‍ തുടങ്ങിയവയൊക്കെ ശേഖരിക്കാനും ഗെയിമിലെ സ്വകാര്യ ശേഖരത്തില്‍ സൂക്ഷിക്കാനും കഴിയും. വംശചരിത്രത്തില്‍ താല്‍പര്യമില്ലാത്ത യുവാക്കള്‍ക്ക് സ്വന്തം പൂര്‍വ ചരിത്രം തിരയാനും, പുരാവസ്തുക്കള്‍ ശേഖരിക്കാനും ഇത്തരം കളികള്‍ പ്രേരകമാവുന്നുണ്ട്. 

കല്ലറയിലും ഇനി ക്യു ആര്‍ കോഡ്

മരിച്ചവര്‍ കല്ലറകളില്‍ നിന്ന് സംസാരിക്കുന്നതും വിദൂരമല്ല എന്നാണ് ഈ രംഗത്തെ പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്. ഫൂട്ട് പ്രിന്റ്‌സ് എന്ന ആധുനിക സ്‌കാനിങ് സംവിധാനം ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ളതും കല്ലറയില്‍ പതിപ്പിച്ച് വെക്കാവുന്നതുമായ ചെറു പഌക്കാഡാണ് അവയിലിലൊന്ന്. മരണപ്പെട്ടയാളുടെ ജീവചരിത്രം, ചിത്രങ്ങള്‍, സോഷ്യല്‍ നെറ്റ് വര്‍ക്കിലേക്കുള്ള കണക്ഷന്‍ തുടങ്ങിയവ അടങ്ങിയതാണ് ഈ ചെറുകാര്‍ഡുകള്‍. ക്യു ആര്‍ കോഡുള്ള ഈ ചെറുകാര്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വായിച്ച് കല്ലറ സന്ദര്‍ശിക്കുന്നവര്‍ക്ക് വ്യക്തിയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അപ്പോള്‍തന്നെ അറിയാനാവും. ടൈംലെസ് ഫൂട്ട്‌സ്റ്റെപ്‌സ് എന്ന കമ്പനിയാണ് ഈ ചെറുകാര്‍ഡ് വികസിപ്പിച്ചെടുത്തത്.

ടൈപ്പ് ചെയ്താല്‍ ചാര്‍ജാകുന്ന ലാപ്‌ടോപ്പുകള്‍ക്ക് സാധ്യത



ടൈപ്പ് ചെയ്യുമ്പോള്‍ കീബോര്‍ഡിലേല്‍ക്കുന്ന സമ്മര്‍ദം വൈദ്യുതിയാക്കി മാറ്റാന്‍ കഴിയുന്ന കാര്യം ആലോചിച്ചു നോക്കൂ. ആ ഊര്‍ജം ബാറ്ററിയില്‍ ശേഖരിക്കാനായാലോ! ചാര്‍ജ് ചെയ്യുകയെന്ന പൊല്ലാപ്പില്‍ നിന്ന് ലാപ്‌ടോപ്പുകള്‍ക്കും മറ്റും രക്ഷപ്പെടാനാകും. പ്രത്യേകം ചാര്‍ജ് ചെയ്യേണ്ട ആവശ്യം തന്നെയില്ലാത്ത കമ്പ്യൂട്ടറുകളുടെ യുഗമാകും അതുവഴി പിറക്കുക.

ഇതിനുള്ള സാധ്യത തുറക്കുകയാണ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തിയ മുന്നേറ്റം. നേര്‍ത്ത പീസോഇലക്ട്രിക് ഫിലിമുകള്‍ക്ക് ഏല്‍ക്കുന്ന സമ്മര്‍ദത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള കഴിവെത്രയെന്ന് വിജയകരമായി അളന്നു നോക്കുകയാണ് ഗവേഷകര്‍ ചെയ്തത്.

അതിന്റെ അടിസ്ഥാനത്തില്‍, ഭാവിയില്‍ ഇത്തരം ഫിലിമുകളുടെ ആവരണമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് സാധ്യതയേറെയാണെന്ന് ഗവേഷകര്‍ പറയുന്നു.'അഡ്വാന്‍സ് ഫങ്ഷണല്‍ മെറ്റീരിയല്‍സ്' എന്ന ജേര്‍ണലിലാണ് റോയല്‍ മെല്‍ബോണ്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (RMIT)യിലെ ഗവേഷകര്‍ തങ്ങളുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ടൈപ്പ് ചെയ്യുമ്പോള്‍ സ്വയം ചാര്‍ജു ചെയ്യപ്പെടുന്ന ലാപ്‌ടോപ്പുകള്‍ക്കും, രക്തസമ്മര്‍ദത്തെ പേസ്‌മേക്കേഴ്‌സുകളുടെ വൈദ്യുത സ്രോതസ്സുകളാക്കാനും പീസോഇലക്ട്രിക ഫിലിമുകള്‍ക്ക് സാധിക്കുമെന്ന്, ഗവേഷണ റിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ ഡോ.മധു ഭാസ്‌കരന്‍പറയുന്നു. കോയമ്പത്തൂരിലെ പി.എസ്.ജി. കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനിയറിങ് ബിരുദം നേടിയ ഡോ.ഭാസ്‌കരന്‍, ആര്‍.എം.ഐ.റ്റി.യില്‍ ഫങ്ഷണല്‍ മെറ്റീരിയല്‍സ് ആന്‍ഡ് മൈക്രോസിസ്റ്റംസ് റിസര്‍ച്ച് ഗ്രൂപ്പിലെ ഗവേഷകയാണ്.

യാന്ത്രികോര്‍ജത്തെ (mechanical energy) വൈദ്യുതോര്‍ജമാക്കി മാറ്റാന്‍ സഹായിക്കുന്നവയാണ് പീസോഇലക്ട്രിക് വസ്തുക്കള്‍. അങ്ങനെയുണ്ടാകുന്നപീസോഇലക്ട്രിസിറ്റിയെന്നത് പുതിയതായി കണ്ടെത്തിയ ഒരു പ്രതിഭാസമല്ല. 19-ാം നൂറ്റാണ്ടില്‍ തന്നെ കണ്ടുപിടിക്കപ്പെട്ട പ്രതിഭാസമാണിത്. ഇലക്ട്രിക് സിഗരറ്റ് ലൈറ്ററുകളില്‍ പ്രയോജനപ്പെടുത്തുന്നത് ഈ പ്രതിഭാസത്തിന്റെ സാധ്യതയാണ്.

കട്ടിയുള്ള പീസോഇലക്ട്രിക് വസ്തുക്കളെക്കുറിച്ച് (പീസോഇലക്ട്രിക് പരലുകളും മറ്റും) ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, പീസോഇലക്ട്രിക് ഫിലിമുകളെ സംബന്ധിച്ചുള്ളത് താരതമ്യേന പുതിയ പഠനമേഖലയാണ്. ആ മേഖലയിലാണ് ഡോ. ഭാസ്‌കരനും സംഘവും ഇപ്പോള്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്.


ജര്‍മന്‍ പ്രതിരോധമന്ത്രിയുടെ കസേര തെറിപ്പിച്ച ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമിന് അവാര്‍ഡ്‌



ജര്‍മന്‍ പ്രതിരോധമന്ത്രി കാള്‍-തിയോഡര്‍ സു ഗുട്ടന്‍ബര്‍ഗിന്റെ രാജിക്ക് വഴി തെളിച്ച ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമിന് അവാര്‍ഡ്. മന്ത്രിയുടെ പി.എച്ച്.ഡി.പ്രബന്ധം കോപ്പിയടിച്ചുണ്ടാക്കിയതാണെന്ന് തെളിയിച്ച 'ഗുട്ടന്‍പ്ലാഗ് വിക്കി' പ്ലാറ്റ്‌ഫോമിനാണ് ഗ്രിമ്മെ ഓണ്‍ലൈന്‍ സമ്മാനം ലഭിച്ചത്.

ഒരു പൊതുലക്ഷ്യത്തിനായി ഓണ്‍ലൈനില്‍ ആളുകള്‍ക്ക് സഹകരിക്കാന്‍ അവസരമൊരുക്കുന്ന സോഫ്ട്‌വേറാണ് വിക്കി. വിക്കിപീഡിയ ഉദാഹരണം. ജര്‍മന്‍ പ്രതിരോധ മന്ത്രിക്ക് ഡോക്ടറേറ്റ് ലഭിച്ചത് കോപ്പിയടിച്ച പി.എച്ച്.ഡി.പ്രബന്ധത്തിന്റെ പിന്‍ബലത്തിലാണെന്ന്, ആയിരത്തോളം യൂസര്‍മാര്‍ ചേര്‍ന്ന് ഗുട്ടന്‍പ്ലാഗ് വിക്കി പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ തെളിയിക്കുകയായിരുന്നു.

ഗുട്ടന്‍ബര്‍ഗിന്റെ പ്രബന്ധത്തിലെ ഒട്ടേറെ ഭാഗങ്ങള്‍ വേറെ പലയിടത്തുനിന്നും അനധികൃതമായി പകര്‍ത്തിയതാണെന്ന് ഗുട്ടന്‍പ്ലാഗ് വിക്കിയില്‍ ഒത്തുചേര്‍ന്ന ഓണ്‍ലൈന്‍ വോളണ്ടിയര്‍മാര്‍ തെളിവ് ഹാജരാക്കി. മന്ത്രി നടത്തിയ കോപ്പിയടിയുടെ തോത് ഗ്രാഫിക്‌സ് രൂപത്തില്‍ സൈറ്റ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

ഓണ്‍ലൈനില്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നതിന്റെ സാധ്യതയാണ് ഗുട്ടന്‍പ്ലാഗ് വിക്കി സൈറ്റ് വെളിവാക്കിയതെന്ന് അവാര്‍ഡ് ജൂറി വിലയിരുത്തി. ജര്‍മന്‍ നഗരമായ കൊളോണിലാണ് കഴിഞ്ഞ ദിവസം അവാര്‍ഡ് ചടങ്ങ് നടന്നത്.

ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ പ്രവര്‍ത്തകനായ ഗൂട്ടന്‍ബര്‍ഗ്, ജര്‍മന്‍ രാഷ്ട്രീയത്തില്‍ വളരെ വേഗം നേതൃത്വത്തിലേക്ക് ഉയര്‍ന്നു വന്ന നേതാവാണ്. 2002 മുതല്‍ പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹം 2009 ഒക്ടോബര്‍ 28 ന് പ്രതിരോധമന്ത്രിയായി.

അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ എങ്ങനെ ഭരണഘടനാ നിയമങ്ങള്‍ വികാസം പ്രാപിച്ചു എന്ന വിഷയത്തില്‍ പീറ്റര്‍ ഹാബെര്‍ലെയുടെ മേല്‍നോട്ടത്തില്‍ സമര്‍പ്പിച്ച പ്രബന്ധം അടിസ്ഥാനമാക്കിയാണ് 2007 ല്‍ ഗുട്ടന്‍ബര്‍ഗിന് ജര്‍മനിയിലെ ബേറ്യൂത് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയത്. ആ പി.എച്ച്.ഡി. പ്രബന്ധമാണ് അദ്ദേഹത്തിന് ഒടുവില്‍ വിനയായത്.

ഗുട്ടന്‍ബര്‍ഗിന്റെ പി.എച്ച്.ഡി.പ്രബന്ധം കോപ്പിയടിച്ചുണ്ടാക്കിയതാണെന്നതിന്റെ വ്യക്തമായ തെളിവ് 2011 ഫിബ്രവരിയോടെ പുറത്തു വന്നു. പത്ര റിപ്പോര്‍ട്ടുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങി ഒട്ടേറെ സ്രോതസ്സുകളില്‍ നിന്ന് കോപ്പിയടിച്ചുണ്ടാക്കിയതാണ് ഗുട്ടന്‍ബര്‍ഗിന്റെ പ്രബന്ധമെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഗുട്ടന്‍പ്ലാഗ് വിക്കി പ്ലാറ്റ്‌ഫോമില്‍ സഹകരിച്ചവര്‍ ഹാജരാക്കിയത്.

താന്‍ ഡോക്ടറേറ്റ് ഉപേക്ഷിക്കുന്നതായി 2011 ഫിബ്രവരി 21 ന് ഗുട്ടന്‍ബര്‍ഗ് പ്രഖ്യാപിച്ചു. ഗൗരവതരമായ തെറ്റുകളുള്ളതിനാല്‍ തന്റെ ഡോക്ടറല്‍ ബിരുദം പിന്‍വലിക്കാന്‍ ബേറ്യൂത് സര്‍വകലാശാലയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. രണ്ടുദിവസം കഴിഞ്ഞ് യൂണിവേഴ്‌സിറ്റി ഗുട്ടന്‍ബര്‍ഗിന്റെ ബിരുദം പിന്‍വലിച്ചു.

ഇതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുകയും, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന് രാജ്യത്തെ 51,000 ഗവേഷണ വിദ്യാര്‍ഥികള്‍ തുറന്ന കത്തെഴുതുകയും ചെയ്ത സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ഗുട്ടന്‍ബര്‍ഗ് രാജി വെയ്ക്കുകയായിരുന്നു.

'ക്രൗഡ്‌സോഴ്‌സിങ്' എന്ന് വിളിക്കാറുള്ള ഓണ്‍ലൈന്‍ കൂട്ടായ്മ വഴിയാണ് ഗുട്ടന്‍പ്ലാഗ് വിക്കി, കള്ളത്തരം ചെയ്ത പ്രതിരോധമന്ത്രിക്കെതിരെ കരുനീക്കം നടത്തിയത്. ആയിരത്തോളം പേര്‍ അതിനായി കൈകോര്‍ത്തു. മന്ത്രി തന്റെ പി.എച്ച്.ഡി.പ്രബന്ധം എവിടെ നിന്നൊക്കെ ചൂണ്ടിയതാണെന്ന് അവര്‍ വ്യക്തമായി കാട്ടിക്കൊടുത്തു. ആ സ്തുത്യാര്‍ഹമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടത്.

ഗൂഗിള്‍ പ്ലസ്-ഫെയ്‌സ്ബുക്കിന് മറുപടിയോ


അഭ്യൂഹങ്ങള്‍ കേട്ടു തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. ഫെയ്‌സ്ബുക്കിനുള്ള യഥാര്‍ഥ മറുപടി ഗൂഗിളില്‍ നിന്ന് വരുന്നു-ഗൂഗിള്‍ പ്ലസ് (Google +) എന്ന പേരില്‍. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായിരിക്കുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് മേഖലയിലേക്കുള്ള പ്രവേശനം ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നു.

എന്നാല്‍, ഫെയ്‌സ്ബുക്കിനെയോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങിനെയോ പരാമര്‍ശിക്കാതെയാണ് ഗൂഗിള്‍ അതിന്റെ സൗഹൃദക്കൂട്ടായ്മാ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നിങ്ങളെയും നിങ്ങളുടെ സൗഹൃദങ്ങളെയും താത്പര്യങ്ങളെയും ഉള്‍പ്പെടുത്തുക വഴി ഗൂഗിള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയെന്നതാണ് ഉദ്ദേശമെന്ന്,
പറയുന്നു.

'അതിനാണ് ഗൂഗിള്‍ പ്ലസ് പ്രോജക്ട്'-ഗൂഗിള്‍ വ്യക്തമാക്കുന്നു. വെബ്ബിലെ ദൈനംദിനം ജീവിതത്തെ 'റിയല്‍ ലൈഫ് സര്‍ക്കിളി'ലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന ഒരു സോഫ്ട്‌വേറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആ വൃത്തത്തിലേക്ക് കോണ്‍ടാക്ടുകളെ വലിച്ചിട്ട് ഒരു കുടുംബം പോലെയാകാന്‍ യൂസര്‍മാരെ ഗൂഗിള്‍ പ്ലസ് സഹായിക്കുന്നു.

പങ്കുവെയ്ക്കല്‍ (ഷെയറിങ്) ആണ് ഏത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെയും അടിസ്ഥാന പ്രമാണം. ഗൂഗിള്‍ പ്ലസ് ഓണ്‍ലൈനില്‍ അതിനാണ് അവസരമൊരുക്കുന്നത്. ലേഖനങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവ വഴി യൂസര്‍മാര്‍ക്ക് തങ്ങളുടെ താത്പര്യങ്ങള്‍ ഇവിടെ പങ്കിടാം. ഫെയ്‌സ്ബുക്കും ഇത് തന്നെയാണ് ചെയ്യുന്നത്.

മൊബൈല്‍ ഫോണുകള്‍ വഴിയും ഗൂഗിള്‍ പ്ലസില്‍ പങ്കിടല്‍ സ്വാര്‍ഥകമാക്കാം. ജിമെയിലിന്റെ തുടക്കത്തിലെന്ന മാതിരി, നിലവില്‍ പരിമിതമായ ആളുകള്‍ക്ക് മാത്രമേ ഗൂഗിള്‍ പ്ലസ് ഉപയോഗിക്കാന്‍ പറ്റൂ. ഗൂഗിള്‍ പ്ലസ് അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് ഈമെയില്‍ നല്‍കി ക്ഷണം ലഭിക്കാന്‍ കാത്തിരിക്കാം.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് രംഗത്ത് പിടിമുറുക്കാനുള്ള ഗൂഗിളിന്റെ ആദ്യ ശ്രമമല്ല ഗൂഗിള്‍ പ്ലസ്. ഫെസ്ബുക്കിന് മുന്നില്‍ നിഷ്പ്രഭമായിപ്പോയ ഓര്‍ക്കുട്ട് ആണ് ഗൂഗിളിന്റെ ആദ്യ പരീക്ഷണം.

പിന്നീട് ഗൂഗില്‍ വേവ് പരീക്ഷണാടിസ്ഥാനത്തില്‍ രംഗത്തെത്തിയെങ്കിലും അത് വെളിച്ചം കണ്ടില്ല. ജിമെയിലിനുള്ളില്‍ കുടിയിരുത്തിയിട്ടുള്ള ഗൂഗിള്‍ ബസ് ആണ് മറ്റൊന്ന്. പക്ഷേ, ഇതിനൊന്നും ഫെയിസ്ബുക്കിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയെ ചെറുക്കാന്‍ കഴിഞ്ഞില്ല.

സോഷ്യല്‍ നെറ്റ്‌വക്കിങ് രംഗമെന്നാല്‍, ഇപ്പോള്‍ ഫെയ്‌സ്ബുക്കും ട്വിറ്ററുമാണ്. ഇതുരണ്ടും ഗൂഗിളിന്റെ സമീപനത്തെ പഴഞ്ഞനാക്കുന്ന രംഗങ്ങളാണ്. പഴഞ്ഞനാകാന്‍ ആഗ്രഹിക്കുന്നില്ല എന്ന ഗൂഗിളിന്റെ പ്രഖ്യാപനമായി വേണമെങ്കില്‍ ഗൂഗിള്‍ പ്ലസിനെ വിലയിരുത്താം.


'തകര്‍ക്കാനാവാത്ത' ദുഷ്ടപ്രോഗ്രാം ശൃംഖല കണ്ടെത്തി ; 45 ലക്ഷം കമ്പ്യൂട്ടറുകള്‍ കെണിയില്‍


ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് വ്യാപിക്കുന്ന ഒരു 'ദുഷ്ടപ്രോഗ്രം ശൃംഖല' (botnet) കമ്പ്യൂട്ടര്‍ സുരക്ഷാവിദഗ്ധര്‍ കണ്ടെത്തി. ടിഡിഎല്‍-4 എന്ന് പേരുള്ള ആ ശൃംഖലയില്‍ ഇതിനകം 45 ലക്ഷം പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ അകപ്പെട്ടു കഴിഞ്ഞു എന്നതാണ് ഭീതിജനകമായ വിവരം.

നിലവിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ക്കൊണ്ട് ഫലത്തില്‍ 'തകര്‍ക്കാന്‍ പറ്റാത്ത' ഒന്നാണ് പുതിയതായി കണ്ടെത്തിയ 'ബോട്ട്‌നെറ്റെ'ന്ന് സുരക്ഷാവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിന്‍ഡോസ് പിസികളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ദുഷ്ടപ്രോഗ്രം ശൃംഖലയാണിത്.

സുരക്ഷാ സോഫ്ട്‌വേറുകളുടെ കണ്ണില്‍ പെടാതെ പ്രവര്‍ത്തിക്കും വിധമാണ് ടിഡിഎല്ലിന്റെ കോഡ് കമ്പ്യൂട്ടറുകളില്‍ കയറിപ്പറ്റുന്നത്. സുരക്ഷാ സോഫ്ട്‌വേറുകള്‍ സാധാരണഗതിയില്‍ പരിശോധിക്കാത്ത ഇടങ്ങളില്‍ ആ ദുഷ്ടപ്രോഗ്രാം ഏറെക്കുറെ സുരക്ഷിതമായി സ്ഥിതിചെയ്യുന്നു.

ഹൈടെക് ക്രിമിനലുകള്‍ക്ക് ദൂരെയിരുന്ന് നിയന്ത്രിക്കാന്‍ പാകത്തില്‍ വൈറസ് ബാധിച്ചിട്ടുള്ള ഹോം കമ്പ്യൂട്ടറുകളുടെ ശൃംഖലയെയാണ് ദുഷ്ടപ്രോഗ്രാം ശൃംഖല അഥവാ ബോട്ട്‌നെറ്റ് എന്ന് വിളിക്കുന്നത്. ആ ശൃംഖലയില്‍ പെടുന്ന കമ്പ്യൂട്ടറുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല, ആ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് കൂടുതല്‍ ആക്രമണം നടത്താനും ക്രിമിനലുകള്‍ക്ക് സാധിക്കും.

പുതിയ ബോട്ട്‌നെറ്റിന് കാരണമായ ടിഡിഎല്‍ വൈറസിന്റെ നാലാമത്തെ വേര്‍ഷന്‍ മൂന്നുമാസം മുമ്പാണ് പ്രത്യക്ഷപ്പെട്ടത്. ഈ സമയത്തിനിടെ 45 ലക്ഷം ഹോംകമ്പ്യൂട്ടറുകളെ ഹൈജാക്ക് ചെയ്ത് ആ ദുഷ്ടപ്രോഗ്രാം ശൃംഖലയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞുവെന്നാണ് കണക്ക്.

ടിഡിഎല്‍-4 വൈറസില്‍ വരുത്തിയ ചില മാറ്റങ്ങള്‍ വഴി, നിലവില്‍ ഏറ്റവും വലിയ ഭീഷണികളിലൊന്നായി അത് മാറിയെന്ന് 'കാസ്‌പെര്‍സ്‌കി ലാബ്‌സി'ലെ സുരക്ഷാ ഗവേഷകരായ സെര്‍ജി ഗോലോവനോവും ഇഗോര്‍ സൗമെന്‍കോവും നടത്തിയ വിശകലനം വ്യക്തമാക്കുന്നു.

'ആക്രമണങ്ങളും മത്സരങ്ങളും ആന്റിവൈറസ് കമ്പനികളുടെ നീക്കങ്ങളും ഏശാത്ത തരത്തില്‍, ആര്‍ക്കും നശിപ്പിക്കാന്‍ കഴിയാത്ത ഒരു ബോട്ട്‌നെറ്റാണ് ടിഡിഎല്‍ സൃഷ്ടാക്കള്‍ രൂപപ്പെടുത്തുന്നത്'-ഗവേഷകര്‍ പറയുന്നു.

സമീപകാലത്ത് സുരക്ഷാ കമ്പനികളും നിയമപാലകരും ബോട്ട്‌നെറ്റുകള്‍ക്കെതിരെ നടത്തിയ നീക്കങ്ങളുടെ ഫലമായി, ഇന്റര്‍നെറ്റിലെ പാഴ്‌മെയില്‍ (spam mail) തേത് 75 ശതമാനത്തോളം കുറഞ്ഞു-സിമാന്റെക് കമ്പനി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യമാണ് കൂടുതല്‍ കരുതലെടുക്കാന്‍ ടിഡിഎല്‍ സൃഷ്ടാക്കളെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. 

ചതിക്കുഴികള്‍ മറഞ്ഞിരിക്കുന്ന ചില വെബ്‌സൈറ്റുകള്‍ വഴിയാണ് ടിഡിഎല്‍ വൈറസ് വ്യാപിക്കുന്നത്. വിന്‍ഡോസ് പിസികളിലെ സുരക്ഷാ പഴുതുകള്‍ മുതലെടുത്ത് അത് കമ്പ്യൂട്ടറുകളില്‍ കയറിക്കൂടുന്നു. അശ്ലീല ദൃശ്യങ്ങളും സിനിമകളുടെ വ്യാജകോപ്പികളും ഉള്ള വെബ്‌സൈറ്റുകളിലാണ് വൈറസ് കാണപ്പെടുന്നത്. വീഡിയോകളും ഇമേജ് ഫയലുകളുമുള്ള ചില സൈറ്റുകളിലും ടിഡിഎല്‍ വൈറസ് മറഞ്ഞിരിക്കുന്നു.

അത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നയാളുടെ കമ്പ്യൂട്ടറിലേക്ക് ആ വൈറസ് എത്തും. കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌കിലെ 'master boot record'(MBR) എന്നറിയപ്പെടുന്ന മേഖലയിലാണ് ടിഡിഎല്‍ വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന (ബൂട്ട് ചെയ്യുന്ന) വേളയില്‍ ആവശ്യമായ നിര്‍ദേശങ്ങളുടെ പട്ടിക ഈ ഭാഗത്താണ് സൂക്ഷിച്ചിരിക്കുക.

കമ്പ്യൂട്ടറിലെ ആന്റി വൈറസ് പ്രോഗ്രം ഈ മേഖല സ്‌കാന്‍ ചെയ്യാറുള്ളത് വളരെ അപൂര്‍വമായി മാത്രമാണ്. അതിനാല്‍, കമ്പ്യൂട്ടറില്‍ വിദഗ്ധമായി ഒളിച്ചിരിക്കാന്‍ ഏറ്റവും പറ്റിയ മേഖലകളിലൊന്നാണിത്. ഇതുമൂലം ഈ ദുഷ്ടപ്രോഗ്രാം ശൃംഖല തകര്‍ക്കുക ബുദ്ധിമുട്ടാണെന്ന് സുരക്ഷാവിദഗ്ധര്‍ പറയുന്നു.

മാത്രമല്ല, ഈ ബോട്ട്‌നെറ്റ് നിയന്ത്രിക്കുന്നവര്‍ തമ്മിലുള്ള ആശയവിനിമയം പ്രത്യേകരീതിയിലുള്ള എന്‍ക്രിപ്റ്റന്‍ സംവിധാനമുപയോഗിച്ചാണ് സാധ്യമാക്കുന്നത്. അതിനാല്‍, ഹൈജാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകള്‍ തമ്മിലും, അത് നിയന്ത്രിക്കുന്നവരും തമ്മിലുള്ള ട്രാഫിക് വിശകലനം ചെയ്യുക വളരെ ബുദ്ധിമുട്ടാകുന്നു. ഇതും ഈ ശൃംഖലയെ തകര്‍ക്കാനാവാത്ത വിധം ശക്തിപ്പെടുത്തുന്നു.

ടിഡിഎല്‍-4 ശൃംഖലയ്ക്ക് ഏറ്റവും കൂടുതല്‍ പേര്‍ ഇതിനകം ഇരയായയത് അമേരിക്കയിലാണ്-28 ശതമാനം. ഇന്ത്യയിലും കാര്യമായ തോതില്‍ ഈ ശൃംഖല വ്യാപിക്കുകയാണ്. ആകെ കെണിയില്‍ പെട്ടവരില്‍ ഏഴ് ശതമാനം പേര്‍ ഇന്ത്യയിലാണ്, ബ്രിട്ടനില്‍ അഞ്ച് ശതമാനവും. ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളില്‍ മൂന്ന് ശതമാനം പേര്‍ ഈ ബോട്ട്‌നെറ്റിന്റെ കെണിയില്‍ പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.